Tuesday, December 11, 2007

അവഗണനയുടെ മേഘമല്‍ഹാറില്‍ ചിറകറ്റ വാനമ്പാടി


കേരള മാപ്പിളകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ എം എ അസീസ്‌ പുരസ്കാരം നേടിയ പ്രശസ്ത കാഥിക ആയിഷാബീഗത്തെ സന്ദര്‍ശിക്കാനാണ്‌ തിളച്ചു മറിയുന്ന വെയിലില്‍ പുന്നപ്ര നന്തികാടില്‍ ബസ്സിറങ്ങിയത്‌. ബാല്യത്തില്‍ ഉമ്മയുടെ ചുണ്ടുകളില്‍നിന്നു വല്ലപ്പോഴും അടര്‍ന്നുവീഴുന്ന ബീഗത്തിണ്റ്റെ ഇശലുകള്‍ മനസ്സിലെവിടെയോ ഇപ്പോഴും ബാക്കിയുണ്ട്‌. വഴിപോക്കന്‍ ചൂണ്ടിക്കാട്ടിയ ഇടവഴിയിലൂടെ അല്‍പദൂരം നടന്നു. പിന്നേയും അന്വേഷിച്ചു. കിഴക്കോട്ടേക്കു നീളുന്ന ഇടുങ്ങിയ പാത. അഞ്ചാറുവാര പിന്നിട്ടപ്പോള്‍ മുമ്പില്‍ വീടെത്തി. കഥാപ്രസംഗവേദിയിലെ പ്രഥമ മുസ്ളിംവനിതയും കര്‍ണാനന്ദമായ മാപ്പിളപ്പാട്ടുകള്‍ കൊണ്ട്‌ വേദികള്‍ കീഴടക്കിയ ഇശലുകളുടെ വാനമ്പാടി അഥവാ ആയിഷാബീഗത്തിണ്റ്റെ മാനസയെന്ന കൊച്ചുഭവനം. വാതില്‍ അടഞ്ഞുകിടക്കുന്നു. കോളിങ്ങ്ബെല്‍ നിര്‍ത്താതെ മുഴക്കി. അകത്ത്‌ ആളനക്കമില്ല. കുറച്ചു നേരം കാത്തുനിന്നു. പിന്നീട്‌ പേരമകളാണ്‌ വാതില്‍ തുറന്നു അകത്തേക്കു ക്ഷണിച്ചത്‌. ബീഗത്തെ തിരക്കിയപ്പോള്‍ ഇടുങ്ങിയ ഒരു മുറിയിലേക്കു കൈകള്‍ നീണ്ടു. പാതിയടഞ്ഞ വാതില്‍. കിടക്കയുടെ വിരിമാറില്‍ അവശതയാര്‍ന്ന ശരീരവുമായി, കറങ്ങുന്ന ഫാനിലേക്കു അലക്ഷ്യമായി നോക്കി നെടുവീര്‍പ്പെടുന്ന രൂപം. നരച്ച തലമുടിയും ശോഷിച്ച ശരീരവുമായി ശോകസാന്ദ്രമായ രാഗംപോലെ.. മുരടനക്കിയപ്പോള്‍ കുഴിഞ്ഞൊട്ടിയ രണ്ടു കണ്ണുകള്‍ മെല്ലെ പാളിനോക്കി. ജീവിതത്തില്‍ തീരാവേദനകളും അവഗണനകളും മാത്രം സമ്പാദിച്ച ഈ കിടപ്പു തുടങ്ങിട്ട്‌ വര്‍ഷങ്ങള്‍ പിന്നിടുന്നു. താങ്ങിപ്പിടിച്ച്‌ ഇരുത്തിയെങ്കിലും അവശതയും വേദനയും മുഖത്തു നിറഞ്ഞുനിന്നു. കിതപ്പിനോടൊപ്പം ചുമയും ആ ശരീരത്തെ അലട്ടുന്നുണ്ട്‌. നാവ്‌ ചലിപ്പിക്കാന്‍ പലകുറി ശ്രമിച്ചെങ്കിലും വാക്കുകള്‍ക്കു പകരം പുറത്തേക്കൊഴുകിയതു വേദനയായിരുന്നു. വരണ്ട കണ്ണുകള്‍ ഈറനണിഞ്ഞു. സംസാരിക്കാന്‍ പ്രയാസമാണെന്നു പേരക്കുട്ടി പറഞ്ഞു. ഏറെ കഴിയാതെ ഏകമകന്‍ അന്‍സര്‍ ഉമ്മയ്ക്കരികില്‍ എത്തി. വിയര്‍പ്പു പൊടിയുന്ന ബീഗത്തിണ്റ്റെ മുഖം മകന്‍ ടവ്വല്‍കൊണ്ട്്്‌ തുടച്ചു. പിന്നെ നെരിപ്പോടു നിറഞ്ഞ ഉമ്മയുടെ ജീവിത്താളുകള്‍ മകന്‍ ഒന്നൊന്നായി തുറന്നു. ദുരന്തങ്ങളുടെ മൂകസാക്ഷിയായി ബീഗം ഓര്‍മ്മകളുടെ ലോകത്തേക്കു കണ്ണുനട്ടു. 1961 ഏപ്രില്‍ മാസത്തിലെ ഒരു വൈകുന്നേരം. മകരസന്ധ്യയില്‍ ആലസ്യംപൂണ്ടുറങ്ങുന്ന ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളി ഗ്രാമം. താല്‍കാലികമായി ഒരുക്കിയ ഇടുങ്ങിയ സ്റ്റേജില്‍ മൈക്കിനുമുന്നില്‍ തലയില്‍ പുള്ളിത്തട്ടമിട്ട്‌ കൈയില്‍ മൈലാഞ്ചിയണിഞ്ഞ ഒരു പാവാടക്കാരി മനം മറന്നു പാടുന്നു. കഠിനമായ ജീവിതപരീക്ഷണങ്ങളില്‍ ഉരുകുന്ന ഒരു തരുണീമണിയുടെ കഥയാണ്‌ ഇതിവൃത്തം. എന്നാല്‍ മൌലികമായ ആവിഷ്്കാരവും സ്വതസിദ്ധമായ സ്വരഭംഗിയും കൊണ്ട്‌ വേദിയെ പുളകംകൊള്ളിച്ച ആ മെലിഞ്ഞു വിളര്‍ത്ത കൊച്ചുപെണ്ണ്‌ യാഥാസ്ഥിതിക മുസ്ളിം സമുദായത്തിണ്റ്റെ കാഴ്ചപ്പാടുകള്‍ക്കും അപ്പുറത്തായിരുന്നു. സ്ത്രീ എന്നാല്‍ വീടിണ്റ്റെ നാലുചുവരുകള്‍ക്കുള്ളില്‍ അടയിരിക്കേണ്ടവളാണെന്ന യാഥാസ്ഥിതിക മുസ്ളിം പ്രമാണിമാര്‍ക്കു ഒരു മുസ്ളിം യുവതി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മുന്‍കൂട്ടി സംഘടിപ്പിച്ച കല്ല്‌, മുട്ട, കമ്പ്‌ തുടങ്ങിയവ കൈയിലേന്തിക്കൊണ്ടായിരുന്നു സമുദായ നാമധാരികളുടെ വരവ്‌. മനംപിരട്ടുന്ന അസഭ്യ വര്‍ഷങ്ങള്‍, ക്രൂരമായ ആക്രോശങ്ങള്‍. എല്ലാം സഹിച്ച്‌, ക്ഷമിച്ച്‌ പടച്ച റബ്ബിനെ മനസില്‍ ധ്യാനിച്ച്‌ നിറകണ്ണുകളോടെ അവള്‍ ഇങ്ങനെ പാടി. 'അര്‍ത്ഥിക്കുന്നു ഞാന്‍ ആദരവോടെ കോമളാംഗിയാം പെണ്ണിനെ ധീരയാണവള്‍ മാതൃകാമണിനാമം ബീവി അസൂറയാം'.... 'ധീരവനിത' അഥവാ 'ബീവി അസൂറ' എന്ന കഥ പ്രതിഷേധപ്പടയുടെ ആസുരഹൃദയങ്ങളെ കീഴടക്കി. അസഭ്യവര്‍ഷങ്ങളുമായി മുമ്പോട്ടാഞ്ഞവര്‍ കൊച്ചുപാവാടക്കാരിയെ അഭിനന്ദനങ്ങളും ആശീര്‍വാദങ്ങളും കൊണ്ടുമൂടി. ക്ഷമചോദിച്ച്‌, നിറഞ്ഞ സംതൃപ്തിയോടെ പലവഴികളിലായി അവര്‍ പിരിഞ്ഞു. തുടര്‍ന്നും ഭീഷണികളുടെ പെരുമഴയായിരുന്നു. കഥ പറയുന്ന വേദികളില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയും ലഘുലേഖകള്‍ വിതരണം ചെയ്തും സംഘാടകരെ ദേഹോദ്രവമേല്‍പ്പിച്ചും യാഥാസ്ഥിതിക സമുദായ പ്രമാണിമാര്‍ ഭീഷണിയുടെ വന്‍മതില്‍ തന്നെ സൃഷ്ടിച്ചു. എങ്കിലും വിമര്‍ശനങ്ങളില്‍നിന്നു ധൈര്യം സംഭരിച്ചും ഭീഷണികളെ നിറഞ്ഞ മനസ്സോടെ വരവേറ്റും ആ പെണ്‍കുട്ടി കലയുടെ ചിറകിലേറി ജൈത്രയാത്ര തുടരുകയായിരുന്നു. 1960-65 കാലഘട്ടങ്ങളിലെ കഥാപ്രസംഗരംഗം പുരുഷാധിപത്യം കൊണ്ട്‌ സമ്പന്നമായിരുന്നു. കൂടാതെ പുരാണോതിവൃത്തപരമായ കഥകളാണ്‌ നാടിണ്റ്റെ മുക്കിലും മൂലയിലും പ്രചരിച്ചിരുന്നത്‌. അന്ന്‌ കെ.പി.എ.സി പോലുള്ള നാടക ടൂപ്പുകളില്‍ മാത്രമേ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. അതും വിരളംമാത്രം. അക്കാലത്താണ്‌ വേറിട്ട പാതയുമായി ആയിഷാബീഗം തണ്റ്റെ സാന്നിധ്യം അറിയിക്കുന്നത്‌. സ്ത്രീ പ്രമേയ വിഷയങ്ങളായിരുന്നു മറ്റുള്ള കാഥികരില്‍നിന്നും ആയിഷയെ വേര്‍തിരിച്ചിരുന്നത്‌. പച്ചയായ ആവിഷ്കാരരീതി കഥാപ്രസംഗ വേദിയില്‍ ആയിഷയ്ക്കു നല്ലൊരിടം നേടിക്കൊടുത്തു. ധീരവനിത അഥവാ ബീവിഅസൂറ എന്ന കഥയുമായാണ്‌ ആയിഷയുടെ രംഗപ്രവേശം. കുടുംബസുഹൃത്ത്‌ ഗഫൂറ്‍ വട്ടപ്പള്ളിയുടേതായിരുന്നു രചന. സ്ത്രീധനമെന്ന ഊരാക്കുടുക്കിനുമുന്നില്‍ പതര്‍ച്ചയും തളര്‍ച്ചയും അനുഭവിക്കുന്ന ഒരു ദരിദ്രകുടുംബത്തിണ്റ്റെ കഥ 'സ്ത്രീധനം' എന്ന പേരില്‍ ആയിഷ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വേദി നിറയെ അഭിനന്ദനം അര്‍പ്പിക്കാനെത്തിയവരുടെ പ്രളയമായിരുന്നു. അറബി പ്രണയ കാവ്യമായ 'ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും', രാജാകുമാരിയെ ജീവനുതുല്യം പ്രണയിച്ച ഭൃത്യണ്റ്റെ കഥയായ 'പ്രേമകുടീരം', യേശുക്രിസ്തുവിണ്റ്റെ ജീവചരിത്രത്തില്‍ നിന്നും ഇതള്‍ വിരിഞ്ഞ 'മുള്‍ക്കിരീടം', ദുര്‍ഗ്ഗാ ക്ഷേത്രസന്നിധിയില്‍ പൂജാപുഷ്പങ്ങള്‍ വിറ്റു ഉപജീവനം കഴിച്ചിരുന്ന ബാലികയുടേയും അവളെ സ്നേഹിച്ച യുവാവിണ്റ്റേയും കഥ ' വെള്ളിച്ചെപ്പ്‌ ', സുന്ദരിയായ സല്‍മയുടെ കദനകഥ ' ത്യാഗം ', കേരളത്തിണ്റ്റെ ഗ്രാമീണ ഭംഗിയില്‍ വിടര്‍ന്ന കഥ ' സൈന ', ഇബ്രാഹിം നബിയുടെ സമ്പൂര്‍ണ്ണ ജീവചരിത്രം- ' ഇബ്രാഹിം നബിയും നംറൂദും ', ' കര്‍ബലയും പ്രതികാരവും ', ' വൈരമോതിരം', 'ജ്ഞാനസുന്ദരി ', 'ഖുറാസനിലെ പൂനിലാവ്‌ ', 'വിലങ്ങും വീണയും ' തുടങ്ങി രണ്ടു ഡസനിലേറെ കഥകള്‍ മൂന്നു പതിറ്റാണ്ടിനിടെ അയ്യായിരത്തോളം വേദികളിലായി ബീഗം അവതരിപ്പിച്ചിട്ടുണ്ട്‌. കഥാപ്രസംഗ വേദിയിലെ കിരീടം വെക്കാത്ത രാജ്ഞിയായ ബീഗം നിരവധി മാപ്പിളപ്പാട്ടുകള്‍ക്കും തണ്റ്റെ സ്വരമാധുരി വിനിയോഗിച്ചിട്ടുണ്ട്‌. 1960-70 കാലഘട്ടം കേരളത്തിലെ മുസ്ളിം ഭവനങ്ങളിലെ ഗ്രാമഫോണുകളിലൂടെയും ടേപ്പ്‌ റെക്കോര്‍ഡറുകളിലൂടെയും പുറത്തേക്ക്‌ ഒഴുകിയത്‌ ഈ വാനമ്പാടിയുടെ ഇശലുകളായിരുന്നു. അക്കാലത്ത്‌ മലബാറിലുണ്ടായിരുന്ന മാപ്പിളപ്പാട്ട്‌ ആസ്വാദകര്‍ ആയിഷയുടെബീഗം ആലപിച്ച കാസറ്റുകള്‍ക്കുവേണ്ടി പലപ്പോഴും തെക്കോട്ടു തീവണ്ടി കയറിയിട്ടുണ്ട്‌. സംസം, ഖദീജാ ബീവി, ഖാലിദ്‌, ആന്‍ശ തുടങ്ങിയ മാപ്പിളപ്പാട്ടുകളാണ്‌ കാസറ്റുരൂപത്തില്‍ ആസ്വാദകരുടെ കര്‍ണപുടത്തെ തരളിതമാക്കിയത്‌. ഒരുകാലത്ത്‌ കേരളത്തിലുടനീളമുളള ഗാനവേദികളില്‍ ഇശലുകളുടെ കുളിര്‍മഴ പെയ്യിച്ച ഈ വാനമ്പാടി കര്‍ണ്ണാടക, തമിഴ്നാട്‌, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും ദുബയ്‌, അബൂദബി, റാസല്‍ഖൈമ, ഷാര്‍ജ, അല്‍ഐന്‍, ബഹറിന്‍, മസ്ക്കറ്റ്‌, ഒമാന്‍ എന്നിവിടങ്ങളിലും തണ്റ്റെ സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്്്‌.എം എ അസീസ്‌, വി എം കുട്ടി, പീര്‍ മുഹമ്മദ്‌, മൂസ എരിഞ്ഞോളി, അസീസ്‌ തായിനേരി, റംലാ ബീഗം എന്നീ പ്രമുഖരുടെ സംഗീത സദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു ഈ കലാകാരി. 1965മുതല്‍ 1982 വരെ തുടര്‍ച്ചയായി ആകാശവാണിയില്‍ കഥാപ്രസംഗം അവതരിപ്പിച്ച ആയിഷാബീഗം ആകാശവാണി എ ഗ്രേഡ്‌ പദവി നേടിയിട്ടുണ്ട്്്‌. കൂടാതെ,ബീഗത്തിണ്റ്റെ ഗാനങ്ങള്‍ സിലോണ്‍ റേഡിയോ സ്ഥിരമായി പ്രക്ഷേപണം ചെയ്തിരുന്നു. 1943്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ മുഹമ്മദ്‌-ഫാത്ത്വിമ ദമ്പതികളുടെ മകളായാണ്‌ ആയിഷാബീഗം ജനനം. എന്നാല്‍ ബാല്യത്തില്‍ തന്നെ അനാഥത്വത്തിണ്റ്റെ കയ്പുനീര്‍ കുടിക്കാനായിരുന്നു വിധി. സന്താന ഭാഗ്യമില്ലാതെ മനോദു:ഖം അനുഭവിച്ചിരുന്ന ആലപ്പുഴ സ്വദേശികളായ ഇബ്രാഹിമും ആമിനയും ബീഗത്തെ ദത്തെടുക്കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ കഴിവുപ്രകടിപ്പിച്ചിരുന്ന ബീഗം എല്ലാവരുടേയും കണ്ണിലുണ്ണിയായി വളര്‍ന്നു. കുഞ്ഞുപണിക്കര്‍ ഭാഗവതര്‍ ആയിരുന്നു ആയിഷയുടെ പില്‍ക്കാല ഗുരു. ആലപ്പുഴ മുഹമ്മദന്‍ സ്കൂളില്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും കലാരംഗത്ത്‌ ചുവടുറപ്പിച്ചതോടെ തുടര്‍പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. 15ാം വയസ്സില്‍ വിവാഹിതയായ ആയിഷയ്ക്കു കഥാപ്രസംഗ വേദിയില്‍ ഊര്‍ജംപകര്‍ന്നത്‌ പ്രസിദ്ധ തബലിസ്റ്റും ഹാര്‍മ്മോണിസ്റ്റും കൂടിയായ ഭര്‍ത്താവ്‌ എം എ ഷെയരെഫ്‌ ആയിരുന്നു. 1985 മുതലാണ്‌ ആയിഷാബീഗത്തെ രോഗം അലട്ടാന്‍ തുടങ്ങിയത്‌.ചെറിയൊരു ഇടവേളയ്ക്കു ശേഷം കഥാപ്രസംഗ വേദിയില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും രോഗം ശരീരത്തെയും മനസ്സിനേയും കാര്‍ന്നുതിന്നുകയായിരുന്നു. സ്വരമിടറി തുടങ്ങിയതോടെ പലപ്പോഴും ശ്രുതികളും തെറ്റി. അങ്ങനെ കേരളത്തിലെ കലാപ്രേമികളില്‍ കടുത്ത നിരാശയും വേദനയും പടര്‍ത്തിക്കൊണ്ട്‌ ആയിഷാബീഗമെന്ന കാഥിക മറ്റൊരു മാര്‍ഗ്ഗവും കാണാതെ കരള്‍കത്തുന്ന വേദനയോടെ 1990‍ അരങ്ങില്‍ നിന്നും വിട ചൊല്ലി. രോഗം പിന്നേയും ആ ശരീരത്തെ വെറുതെ വിട്ടില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആയിഷാ ബീഗത്തിണ്റ്റെ തലച്ചോറിണ്റ്റെ പ്രവര്‍ത്തനത്തെ താറുമാറാക്കി. ഇശലുകള്‍ പെയ്തിറങ്ങിയ കണ്ഠനാളത്തില്‍നിന്നു രോദനങ്ങള്‍ പുറത്തേക്കൊഴുകി. വേദനയുടെ തീക്കാറ്റേറ്റ്്്‌ ശരീരം ശോഷിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ കണ്‍സള്‍ട്ടണ്റ്റ്‌ ഫിസിഷ്യണ്റ്റെ ദീര്‍ഘ നാളത്തെ ചികില്‍സയില്‍ കഴിയുന്ന ബീഗത്തിനിപ്പോള്‍ ചെറുതായി നടക്കാം. എങ്കിലും കൂട്ടെന്നു പറയാനുള്ളത്‌ കട്ടിലും ചാരുകസേരയും പിന്നെ തീപ്പിടിച്ച ഓര്‍മകളും മാത്രം. 1998‍ കുടുംബത്തിണ്റ്റെ ഏക അത്താണിയായിരുന്ന ഭര്‍ത്താവും മരിച്ചതോടെ വീട്ടില്‍ പട്ടിണി കൂടുകെട്ടി. അടുപ്പു പുകയാത്ത ദിനരാത്രങ്ങള്‍ ബീഗത്തിനു ചുറ്റും ഭ്രമണംചെയ്തു. ഏക മകന്‍ അന്‍സറിണ്റ്റെയും ഭാര്യയുടേയും പരിചരണത്തിലാണ്‌ ബീഗം കഴിയുന്നത്‌. കുറച്ചുകാലം ഗള്‍ഫില്‍ ജോലി നോക്കിയെങ്കിലും വാത സംബന്ധമായ അസുഖം കാരണം ജോലിയുപേക്ഷിച്ച്‌ അന്‍സറിനു നാട്ടിലേക്ക്‌ മടങ്ങേണ്ടി വന്നു. ഇരുകാലിലേയും ഞരമ്പിണ്റ്റെ പ്രവര്‍ത്തനത്തിലെ തകരാറുമൂലം അന്‍സറിനിപ്പോഴും നടക്കാന്‍ പ്രയാസം നേരിടുന്നുണ്ട്‌. അവശകലാകാരന്‍മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിണ്റ്റെ പെന്‍ഷന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും ബീഗത്തിണ്റ്റെ ഒരു മാസത്തേക്കുളള മരുന്നു ചെലവുപോലും അതു കൊണ്ട്‌ തികയുന്നില്ല. ലോണെടുത്തും കടംവാങ്ങിയും തുടങ്ങിയ ടെലിഫോണ്‍ ബൂത്തില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ ചെറിയ തോതിലെങ്കിലും കുടുംബം പുലരുന്നത്‌. അടിക്കടിയുണ്ടായ വീടുമാറ്റം കാരണം ഈ കുടുംബത്തിനു നഷ്ടപ്പെട്ടത്‌ നിരവധി വിലപ്പെട്ട രേഖകള്‍.ബീഗത്തിണ്റ്റെ ഫയലുകളും ഗ്രാമഫോണും കാസറ്റുശേഖരവും പലപ്പോഴായി നഷ്ടമായി. വര്‍ഷങ്ങള്‍ നീണ്ട അവഗണനയ്ക്കൊടുവില്‍ മാപ്പിള കലാ അക്കാദമി പുരസ്ക്കാരം ആയിഷാബീഗത്തെ തേടിയെത്തിയെങ്കിലും രോഗശയ്യയിലായതോടെ ഉമ്മയെ സഹപ്രവര്‍ത്തകര്‍ പോലും തിരിഞ്ഞു നോക്കുന്നില്ലെന്ന്‌ അന്‍സര്‍ സങ്കടത്തോടെ പറയുന്നു. ബീഗത്തിനുശേഷം വന്ന പലര്‍ക്കും സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പു നല്‍കി ആദരിച്ചിട്ടും എല്ലാവരും ഈ കലാകാരിയെ മന:പൂര്‍വ്വം തഴയുകയായിരുന്നു.

1 comment:

muslim said...

"asoora beevi" ude history onnu vivarikkamo..allenkil athulla oru net link tharamo..?